Chandameriya Poovilum Sabalamam | Sankeerthanam | Kumaranasan

0


ചന്തമേറിയ പൂവിലും ശബളാഭമാം

ശലഭത്തിലും

സന്തതം കരതാരിയന്നൊരു ചിത്ര-

ചാതുരി കാട്ടിയും

ഹന്ത! ചാരുകടാക്ഷമാലകളര്‍ക്ക-

രശ്മിയില്‍ നീട്ടിയും

ചിന്തയാം മണിമന്തിരത്തില്‍ വിളങ്ങു-

മീശനെ വാഴ്ത്തുവിന്‍!


സാരമായ് സകലത്തിലും മതസംഗ്രഹം

ഗ്രഹിയാത്തതായ്

കാരണാന്തരമായ് ജഗത്തിലുയര്‍ന്നു

നിന്നിടുമൊന്നിനെ

സൌരഭോല്‍ക്കട നാഭിയാല്‍ സ്വമൃഗംകണ-

ക്കനുമേയമായ്

ദൂരമാകിലുമാത്മ ഹാര്‍ദ്ദ ഗുണാസ്പദത്തെ

നിനയ്ക്കുവിന്‍!


നിത്യനായക, നീതിചക്രമതിന്‍-

തിരിച്ചിലിനക്ഷമാം

സത്യമുള്‍ക്കമലത്തിലും സ്ഥിരമായ്

വിളങ്ങുക നാവിലും

കൃത്യഭൂ വെടിയാതെയും മടിയാതെയും

കരകോടിയില്‍

പ്രത്യഹം പ്രഥയാര്‍ന്ന പാവന കര്‍മ്മ-

ശക്തി കുളിക്കുക!


സാഹസങ്ങള്‍ തുടര്‍ന്നുടന്‍ സുഖഭാണ്ഡ-

മാശു കവര്‍ന്നുപോം

ദേഹമാനസ ദോഷസന്തതി ദേവ

ദേവ, നശിക്കണേ

സ്നേഹമാം കുളിര്‍പൂനിലാവു പരന്നു

സര്‍വവുമേകമായ്

മോഹമാമിരുള്‍ നീങ്ങി നിന്റെ മഹത്ത്വ-

മുള്ളില്‍ വിളങ്ങണേ.


ധര്‍മ്മമാം വഴി തന്നില്‍ വന്നണയുന്ന വൈരികളഞ്ചവേ

നിര്‍മ്മലദ്യുതിയാര്‍ന്ന നിശ്ചയഖഡ്ഗമേന്തി നടന്നുടന്‍

കര്‍മ്മസീമ കടന്നുപോയ് കളിയാടുവാനരുളേണമേ

ശര്‍മ്മവാരിധിയില്‍ കൃപാകര, ശാന്തിയാം മണിനൌകയില്‍.


Tags:

Chandameriya Poovilum Sabalamam,Chandameriya Poovilum Sabalamam lyrics,Chandameriya Poovilum Sabalamam lyrics malayalam,Chandameriya Poovilum Sabalamam,Kumaranasan,heart touching malayalam kavitha lyrics,malayalam kavithakal,old malayalam kavithakal,malayalam kavitha,kumaranasan famous poems in malayalam,ചന്തമേറിയ പൂവിലും വരികള്,ചന്തമേറിയ പൂവിലും ശബളാഭമാം,കുമാരനാശാന് ചിത്രങ്ങള്,കുമാരനാശാന് കവിതകള്,കുമാരനാശാന് കവിതകള് വരികള്,കുമാരനാശാന് മാപ്പിള ലഹള,കുമാരന്ആശാന്,കുമാരനാശാൻ,malayalam poems


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top